മുറജപം

ഈശ്വരവാണിയായ വേദം ആരംഭം മുതല്‍ അവസാനം വരെ പാരായണം ചെയ്യുന്ന സമ്പ്രദായം ഭാരത്തിലൊട്ടുക്കും നിലവിലുണ്ട്. സകല അറിവുകളുടെയും ഭണ്ഡാരമായ വേദത്തെ ഹൃദിസ്ഥമാക്കി
സംരക്ഷിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഈ വേദപാരായണത്തിന്റെ കേരളീയ രൂപമാണ് മുറജപം. ഒരു മുറ വേദം ആദ്യം മുതല്‍ അവസാനം വരെ ഉദാത്ത അനുദാത്ത, സ്വരിത പ്രചയങ്ങളുടെ സഹായത്തോടെ ഓതുന്നതാണ് മുറജപം എന്നു പറയുന്നത്. മുറജപം എന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഈ പദ്ധതിക്ക് മറ്റിടങ്ങളില്‍ വേദപാരായണം എന്നാണ് പൊതുവെ പറഞ്ഞു വരാറുള്ളത്. കേരളത്തില്‍ പൊതുവില്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയുടെ മുറജപം മാത്രമേ നടക്കാറ് പതിവുള്ളൂ. കേരളത്തിലെ പാരമ്പര്യ ബ്രാഹ്മണരില്‍ അഥര്‍വവേദികള്‍ ഇല്ലാത്തതും ഇതിനു കാരണമാകാം. മുറജപം സാധാരണഗതിയില്‍ ഏഴുദിവസം കൊണ്ടാണ് ചൊല്ലിത്തീര്‍ക്കുക. 
മുറജപത്തില്‍ പങ്കെടുക്കുന്നത് അതിവിശേഷമായാണ് പറയപ്പെട്ടിട്ടുള്ളത്. ഈശ്വരനില്‍ ഭക്തിയും ശ്രദ്ധയും വര്‍ദ്ധിക്കുന്നതോടൊപ്പം പാപശമനം, പുത്രലാഭം, വിദ്യാലാഭം, ധനലാഭം, രോഗനിവൃത്തി എന്നിവയും വാക്ശക്തി, ബുദ്ധിശക്തി, കര്‍മകുശലത, സ്ഥിരോത്സാഹം തുടങ്ങിയ അഭീഷ്ടസിദ്ധികളും മുറജപത്തില്‍ ശ്രദ്ധയോടെ പങ്കാളികളാകുന്നതുകൊണ്ട് ലഭിക്കുന്നു എന്നാണ് വിശ്വാസം.

മുറഹോമം


മുറജപം നടക്കുമ്പോള്‍ വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ച് നെയ്യ് ഹോമിക്കുന്നതാണ് മുറഹോമം. മുറഹോമം മുറജപത്തിന്റെ ഫലസിദ്ധി വര്‍ധിപ്പിക്കുന്നു.

ജ്ഞാനയജ്ഞം

വേദസപ്താഹത്തിലെ പ്രധാനപ്പെട്ട അംഗമാണ് ജ്ഞാനയജ്ഞം. ജ്ഞാനയജ്ഞത്തിന്റെ സര്‍വശ്രേഷ്ഠതയെക്കുറിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍ വിവരിക്കുന്നുണ്ട്. മുറജപത്തിനും ഹോമത്തിനും ഉപയോഗിച്ച വേദമന്ത്രങ്ങളുടെ അര്‍ഥതലങ്ങള്‍ ഭക്തര്‍ക്കു മനസ്സിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ സപ്താഹം ഫലവത്താവുകയുള്ളൂ. മന്ത്രാര്‍ഥങ്ങളെ ലളിതമായി സാധാരണക്കാര്‍ക്കു പോലും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുന്നതണ് ജ്ഞാനയജ്ഞം.

Leave a Reply

Your email address will not be published.

Back to Top