വേദം പൂര്‍ണമായും സ്വരിച്ചുചൊല്ലി കേള്‍ക്കുക എന്നതുതന്നെ പുണ്യമാണ്. അതോടൊപ്പം ആ വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ച് ഹോമം നടത്തുന്നതില്‍ ഭാഗമായാലോ? അതിലും വലിയ പുണ്യം. ഒപ്പം വേദജ്ഞാനംകൂടി നുകരാന്‍ സാധിച്ചാലോ? ജപ-ദ്രവ്യ-ജ്ഞാനയജ്ഞങ്ങളുടെ ഈ അപൂര്‍വ സംഗമവേദിയാണ് വേദസപ്താഹം.
ജൂലൈ 17 മുതല്‍ 23 വരെ
ഒരു കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായിരുന്ന മുറജപത്തേയും മുറജപ മന്ത്രങ്ങള്‍ വിനിയോഗിച്ച് ചെയ്യുന്ന മുറഹോമത്തേയും വീണ്ടെടുക്കുകയാണ് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍. കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഫൗണ്ടേഷന്‍ കര്‍ക്കിടക മാസത്തില്‍ മുറജപവും മുറഹോമവും ഉള്‍പ്പെടുന്ന വേദസപ്താഹം നടത്തിവരുന്നു. അയനമാറ്റത്തിന്റെയും കാലാവസ്ഥാമാറ്റത്തിന്റെയും കാലമാണ് കര്‍ക്കിടകം. ചാതുര്‍മാസ്യം പോലുള്ള വ്രതാരംഭത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും കാലംകൂടിയാണ് ഇത്. അങ്ങനെയുള്ള കര്‍ക്കിടകാരംഭത്തെത്തന്നെയാണ് വേദസപ്താഹത്തിനായി ആചാര്യശ്രീ തിരഞ്ഞെടുത്തത്. ഇത്തവണയും കര്‍ക്കിടകാരംഭത്തില്‍, ജൂലൈ 17 മുതല്‍ 23 വരെയുള്ള ഏഴ് ദിനങ്ങളിലായാണ് വേദസപ്താഹം നടക്കുക. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓണ്‍ലൈനായി സൂം കോണ്‍ഫറന്‍സിലൂടെ ആയിരിക്കും ഇത്തവണ വേദസപ്താഹം.
മുറജപത്തിന്റെ ചരിത്രം
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലുള്‍പ്പെടെ കേരളീയ ക്ഷേത്രങ്ങളില്‍ ഒരു കാലത്ത് വളരെ പ്രാധാന്യത്തോടെ നടന്നുവന്നിരുന്നതാണ് മുറജപം. മുറജപങ്ങളില്‍ ഏറെ പേരു കേട്ടിരിക്കുന്നതും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറു വര്‍ഷം കൂടുമ്പോള്‍ നടന്നു വരാറുള്ള മുറജപം തന്നെ. ശ്രീ പദ്മനാഭന് രാജ്യം സമര്‍പ്പിച്ച് പദ്മനാഭദാസനായി ഭരണം നടത്തിയ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് തുടക്കമിട്ടതെന്ന് പറയപ്പെടുന്നു. രാജ്യഭരണത്തില്‍ നീതി നടപ്പാക്കുമ്പോഴും യുദ്ധക്കളങ്ങളിലും രാജ്യവിസ്തീര്‍ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂര്‍വമല്ലാതെ സംഭവിക്കുന്ന പാപങ്ങളുടെ പരിഹാരമെന്ന നിലയിലാണ് അവിടെ മുറജപം നടത്തിയിരുന്നതത്രെ. അവിടുത്തെ മുറജപത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നും തുളുനാട്ടില്‍ നിന്നും ബ്രാഹ്മണര്‍ എത്തുമായിരുന്നു. 65 ദിവസം നീണ്ടുനില്‍ക്കുന്ന ബൃഹദ്പദ്ധതിയായിരുന്നു അത്.
മുറജപത്തിന്റെ പാരമ്പര്യം വീണ്ടെടുക്കുന്നു
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഒരുകാലത്ത് വ്യാപകമായി മുറജപം നിലനിന്നിരുന്നു. എന്നാല്‍ കാലക്രമേണ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്ന് ഇവ അന്യമായി തുടങ്ങി. വിസ്മൃതിയിലായ മുറജപത്തെ തിരികെ കൊണ്ടുവരുന്നതിനുള്ള ഉദ്ദേശ്യത്താലാണ് വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷ് എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി മുറജപത്തോടു കൂടിയ വേദസപ്താഹത്തിന് സങ്കല്പം ചെയ്തത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ വേദസപ്താഹം ചെയ്യാതിരുന്നിട്ടില്ല.
വേദം പാരമ്പര്യ രീതിയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പൂര്‍ണമായി പാരായണം ചെയ്തുകൊണ്ടാണ് മുറജപം നടക്കുക. അപൂര്‍വമായ ശക്തിവിശേഷത്തോടുകൂടിയവയാണ് വേദമന്ത്രങ്ങള്‍. അവ കേള്‍ക്കുന്നതുതന്നെ ശരീരത്തിലും മനസ്സിലും ശുഭകരമായ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുന്നു.
വേദസപ്താഹം 2021
ഇത്തവണ ശ്രീ. കേതന്‍ മഹാജന്‍, ശ്രീ. നാഗേശ്വര്‍ ശാസ്ത്രി, ശ്രീ. കൃഷ്ണചന്ദ്ര ആര്യ എന്നിവരാണ് ഋഗ്വേദ മുറജപത്തിന് കാര്‍മികത്വം വഹിക്കുന്നത്. മുറജപമന്ത്രങ്ങള്‍ വിനിയോഗിച്ചുകൊണ്ടു ചെയ്യുന്ന വിശേഷയജ്ഞമാണ് മുറഹോമം. യജുര്‍വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ചുകൊണ്ടുള്ള യജുര്‍വേദമുറജപമാണ് ഇത്തവണ നടക്കുക. കര്‍ണാടകയിലെ സംസ്‌കൃതഗ്രാമമായ മത്തൂരില്‍ നിന്നും ശ്രീ. രാഘവേന്ദ്രഭട്ടും സംഘവുമാണ് മുറഹോമത്തിന് കാര്‍മികത്വം വഹിക്കുന്നത്. ഇവരുടെ കാര്‍മികത്വത്തില്‍ വൈകുന്നേരങ്ങളില്‍ രുദ്രയജ്ഞവും നടക്കും. വൈകുന്നേരങ്ങളിലെ ജ്ഞാനയജ്ഞമാണ് വേദസപ്താഹത്തിലെ മറ്റൊരു ശ്രദ്ധേയ ചടങ്ങ്. ഏഴ് ദിവസങ്ങളില്‍ സുപ്രധാനമായ ഏഴ് വിഷയങ്ങളിലുള്ള പ്രഭാഷണമാണ് ജ്ഞാനയജ്ഞം. ആചാര്യശ്രീയുടെ ശിഷ്യരാണ് ജ്ഞാനയജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. ആദ്യ ദിനം ‘ജീവിതത്തില്‍ ഒന്നാമനാകാനുള്ള വേദവഴി’ എന്ന വിഷയത്തെ അധികരിച്ച് ശ്രീമതി ലിഷ ഹിതേഷ് പ്രഭാഷണം നടത്തും. രണ്ടാം ദിനം വിഷയം : ‘സാധനയില്‍ ഗുരുത്വത്തിന്റെ പ്രാധാന്യം’ (ശ്രീ. കെ. വിനോദ് വൈദിക്), മൂന്നാം ദിനം : ‘ആചരണങ്ങളുടെ പ്രാധാന്യം: അനുഭവങ്ങളിലൂടെ’ (ശ്രീമതി. സിനു മണികണ്ഠന്‍), നാലാം ദിനം : ‘സത്സംഗം എന്ത്, എന്തിന്?’ (ശ്രീമതി. ശാലിനി പി. രാജീവ്), അഞ്ചാം ദിനം: ‘ഈശ്വരനും മുപ്പത്തിമുക്കോടി ദേവതകളും’ (ശ്രീ. മനു കമല്‍ വൈദിക്), ആറാം ദിനം: ‘പ്രണവസാധനയുടെ പ്രാധാന്യം’ (ശ്രീ. പുഷ്പരാജന്‍. വി.), ഏഴാം ദിനം: ‘എന്താണ് ചാതുര്‍മാസ്യവ്രതം?’ (ഡോ. ഗംഗ ശക്തി) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള ദിവസങ്ങളിലെ ജ്ഞാനയജ്ഞത്തിന്റെ വിവരങ്ങള്‍. ഏഴാം ദിനത്തിലെ അഷ്ടാവധാനസേവയോടെയാണ് വേദസപ്താഹം സമാപിക്കുക. ഭഗവാന്‍ വേദനാരായണനായി എട്ട് തരത്തിലുള്ള സേവകള്‍ സമര്‍പ്പിക്കുന്ന ചടങ്ങാണ് അഷ്ടാവധാനസേവ. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്‌തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് എട്ടു സേവകള്‍.
കൊവിഡിനെ തുടര്‍ന്ന് പലതരത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ് നാം ഓരോരുത്തരും. നമ്മെ ഭക്തിയുടേയും ശാന്തിയുടേയും പാതയിലേക്ക് തിരിച്ചു വിട്ട് നമ്മുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നതിനുള്ള അവസരമാണ് വേദസപ്താഹത്തിലൂടെ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഒരുക്കുന്നത്.
വേദസപ്താഹത്തിന്റെ സമയക്രമം
വേദസപ്താഹത്തിന്റെ സമയക്രമങ്ങള്‍ ഇനിപറയും വിധമാണ്. രാവിലെ 7.30 മുതല്‍ 8.30 വരെ ഋഗ്വേദപാരായണം. 8.45-11.00 യജുർവേദീയ മുറഹോമം, 11-12.30 ഋഗ്വേദപാരായണം. വൈകീട്ട് 4-5.30 രുദ്രയജ്ഞം. 5.30 മുതല്‍ ജ്ഞാനയജ്ഞം.
വേദസപ്താഹത്തിൽ എങ്ങനെ പങ്കെടുക്കാം
വേദസപ്താഹത്തി പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745915151, 7736037063 എന്നീ നമ്പറുകളിലേക്ക് വാട്സ്ആപ്പ് സന്ദേശം ആയക്കുക
ഈമെയിൽ vedasapthaham@kvrf.in
7736037063 എന്ന നമ്പര്‍ സേവ് ചെയ്യുക.